
ഞായറാഴ്ച പുലർച്ചെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇസ്മായിൽ ബാഗെയി വെളിപ്പെടുത്തി.
നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ബാഗെയി തയ്യാറായില്ല. എന്നാൽ, യുഎസ് ആക്രമണത്തിൽ ആണവനിലയങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാർഥ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 22ന് പുലർച്ചെയാണ് അമേരിക്ക ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ചത്.
ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിൽ ഏഴ് ബി–2 ബോംബർ വിമാനങ്ങളാണ് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇസ്ഫഹാൻ ലക്ഷ്യമാക്കി യുഎസ് അന്തർവാഹിനിയില ടോമഹോക് മിസൈലുകളും വർഷിച്ചു. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങൾ മടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി–2 ബോംബർ ആക്രമണമാണ് ഞായറാഴ്ച പുലർച്ചെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്.











